കോട്ടയം: എംജി സർവകലാശാല നാഷണൽ കോൺഫറൻസിന്റെ പോസ്റ്ററിൽ പാറ്റായുടെ ചിത്രം വച്ചതിൽ വിസി-യൂണിയൻ പോര് മുറുകുന്നു. പാറ്റായുടെ ചിത്രം വച്ച പോസ്റ്ററുകളും ഫ്ലെക്സുകളും നീക്കം ചെയ്യണമെന്ന വിസിയുടെ നിർദേശം വിദ്യാർഥി യൂണിയനും എസ്എഫ്ഐയും തള്ളിയതോടെയാണ് പ്രശ്നം രൂക്ഷമായത്.
വിവാദ ചിത്രങ്ങൾ മാറ്റിയില്ലെങ്കിൽ നാഷണൽ കോൺഫറൻസിന് അനുവദിച്ച തുക തിരിച്ചുപിടിക്കുമെന്ന് വിസി മുന്നറിയിപ്പ് നൽകി. അടുത്തയാഴ്ച നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ പ്രാചരണ സാമഗ്രികളിലാണ് പാറ്റയുടെ ചിത്രങ്ങളും സംഘപരിവാർ വിരുദ്ധ പരാമർശങ്ങളും ഉൾപ്പെട്ടത്. ഇതിനെതിരെ കഴിഞ്ഞ ദിവസം വിസി ഡി. മാവൂദ് സർക്കുലർ പുറത്തിറക്കി പോസ്റ്ററുകൾ നീക്കം ചെയ്യാൻ നിർദേശിച്ചിരുന്നു.
എന്നാൽ ഇതിന് പിന്നാലെ കൂടുതൽ പോസ്റ്ററുകളും ഫ്ലെക്സുകളും സ്ഥാപിച്ച് വിദ്യാർഥി സംഘടനകൾ നിലപാട് വ്യക്തമാക്കി. സർവകലാശാല ഫണ്ടിൽ നിന്ന് അനുവദിച്ച 3.75 ലക്ഷം രൂപയിൽ 2.81 ലക്ഷം രൂപ വിദ്യാർഥി യൂണിയന് കൈമാറിയിരുന്നു. എംജി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തുക തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തുന്നത്.